
ഫരീദാബാദ്: ഫരീദാബാദിൽ പിടിയിലായത് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ വനിതാ ഡോക്ടർ എന്ന് അന്വേഷണ സംഘം. ലക്നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. രാജ്യത്തെ സുരക്ഷാ ഏജൻസികളെ ഞെട്ടിച്ച വൻ സ്ഫോടകവസ്തു പിടികൂടിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാനുള്ള ശ്രമത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഷഹീൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായും, ഷഹീന്റെ കാറിൽനിന്ന് തോക്കുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 2,900 കിലോ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്.
ജെയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജമാഅത്തുൽ മൊമിനാത് രൂപപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാദിയ, കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരനായ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടന്ന സുരക്ഷാ നടപടികളിൽ കനത്ത തിരിച്ചടിയേറ്റ ജെയ്ഷെ, ഇന്ത്യയിലടക്കം വനിതാ വിഭാഗം സജീവമാക്കാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിലെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകാവുന്ന ഈ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.











